പലസ്തീന്‍ അനുകൂല പ്രതിഷേധം അടിച്ചമര്‍ത്താന്‍ യു.എസ് ക്യാമ്പസുകളില്‍ വന്‍ പൊലീസ് സന്നാഹം

ന്യൂയോര്‍ക്ക് : ഗാസ യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ചും ഇസ്രയേലിനെ പ്രതികൂലിച്ചും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തുടങ്ങിയ പ്രതിഷേധ സമരം അമേരിക്കയിലെ വിവിധ ക്യാമ്പസുകളിലേക്ക് പടര്‍രുകയും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി എത്തുകയുമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയ്ക്കും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനും യ.എസിലെ ക്യാമ്പസുകളില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.

പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളുടെ ക്യാമ്പിന് നേരെ എതിര്‍ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയപ്പോള്‍ ഒറ്റരാത്രികൊണ്ട് അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിരവധി പൊലീസുകാര്‍ കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് കാമ്പസിലേക്ക് പാഞ്ഞെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

കൊളംബിയയിലും സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലും, പോലീസ് ഒറ്റരാത്രികൊണ്ട് പ്രകടനക്കാരെ പുറത്താക്കിയപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പരുക്കന്‍ രീതിയെ അപലപിച്ചും രംഗത്തെത്തി. തങ്ങള്‍ ആക്രമിക്കപ്പെട്ടു, ക്രൂരമായി അറസ്റ്റ് ചെയ്യപ്പെട്ടു, മണിക്കൂറുകളോളം തടവിലാക്കപ്പെട്ടു, അടികിട്ടി, ചവിട്ടേറ്റു, മുറിവേല്‍ക്കപ്പെട്ടു എന്നുള്‍പ്പെടെ പൊലീസിനെതിരായി പലരും ദുഖം പങ്കുവെച്ചു. പൊലീസ് വിട്ടയച്ച വിദ്യാര്‍ത്ഥി തടവുകാരെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്ത ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പരിക്കുകളെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. പല വിദ്യാര്‍ത്ഥികള്‍ക്കും തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.

അതേസമയം, പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനു പിന്നാലെ കൊളംബിയയിലും കുനിയിലും 300 ഓളം അറസ്റ്റുകള്‍ നടന്നതായി പോലീസ് കമ്മീഷണര്‍ എഡ്വേര്‍ഡ് കാബന്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിന് പുറത്തു നിന്നുള്ള പ്രക്ഷോഭകരെ മേയര്‍ എറിക് ആഡംസ് കുറ്റപ്പെടുത്തിയെങ്കിലും പുറത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കൊളംബിയയിലെ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. പോലീസിനെ വിളിക്കാനുള്ള തീരുമാനത്തില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനോഷ് ഷാഫിക് കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും മറ്റ് മാര്‍ഗമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

മിനോഷ് ഷാഫിക്

ഗാസ മുനമ്പിലെ ഇസ്രായേല്‍ യുദ്ധത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മുതല്‍ കുറഞ്ഞത് 30 യുഎസ് സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്. മാത്രമല്ല, ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നതും നിരവധി പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം, ‘കുറച്ച് വിദ്യാര്‍ത്ഥികളാണ് ഈ തടസ്സം സൃഷ്ടിക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അവര്‍ പ്രതിഷേധിക്കാന്‍ പോകുകയാണെങ്കില്‍, നിയമത്തിനുള്ളില്‍ സമാധാനപരമായ രീതിയില്‍ അത് ചെയ്യാന്‍ അമേരിക്കക്കാര്‍ക്ക് അവകാശമുണ്ട്’ എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൊളംബിയയിലെ പോലീസ് നടപടിക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതോടെയാണ് ഗാസ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ ഏകദേശം 1,170 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ അധികവും സാധാരണക്കാരായിരുന്നു. ഇസ്രയേലിന്റെ പ്രതികാര ആക്രമണത്തില്‍ ഗാസയില്‍ 34,500-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്.

Massive police presence on US campuses to quell pro-Palestinian protests