ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂൻ വധശ്രമക്കേസില്‍ കോടതിക്കു മുന്നിൽ സത്യം തെളിയുന്നതുവരെ പ്രതികരിക്കാനില്ലെന്ന് അമേരിക്ക. വിഷയത്തില്‍ കുറ്റപത്രം നിലവിലുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പന്നുൻ കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപത്രം അനുസരിച്ച്, യുഎസ് – കനേഡിയൻ പൌരനായ ഗുര്‍പത്വന്ത് സിങ് പന്നൂവിനെ അമേരിക്കയിൽ വച്ച് കൊലപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തി. ഇന്ത്യൻ ഏജന്റായ നിഖില്‍ ഗുപ്തയ്ക്കെതിരെ കൊലപാതകശ്രമത്തിന് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2023 ജൂണിലാണ് ഗുപ്തയെ ചെക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പന്നൂനെ വധിക്കാനായി വാടക കൊലയാളിയെ കണ്ടെത്താന്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് നിഖില്‍ ഗുപ്തയെ ചുമതലപ്പെടുത്തിയത് എന്നാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുറ്റപത്രത്തില്‍ പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത ‘ഇന്ത്യന്‍ ഉദ്യോഗസ്ഥനെ’ സിസി-1 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് മുഴുവന്‍ പദ്ധതികള്‍ക്കും പിന്നിലെന്നാണ് ആരോപണം. ഇയാള്‍ സിആര്‍പിഎഫ് മുന്‍ ഉദ്യോഗസ്ഥനാണെന്നും നിലവില്‍ സെക്യൂരിറ്റി മാനേജ്മെന്റ്, ഇന്റലിജന്‍സ് എന്നീ ഉത്തരവാദിത്തങ്ങളുള്ള ‘സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍’ ആന്നെന്നുമാണ് അവകാശപ്പെട്ടിട്ടുള്ളതെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം ഈ ഉദ്യോഗസ്ഥൻ്റെ പേര് വാഷിങ്ടൺ പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. യുഎസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണ് എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്‌വാള്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാനായി ഇന്ത്യ ഒരു ഉന്നതതല കമ്മിറ്റിയേയും നിയമിച്ചിട്ടുണ്ട്.
നിലവില്‍ ന്യൂയോര്‍ക്കിലാണ് പന്നൂൻ കഴിയുന്നത്. ഇന്ത്യ തീവ്രവാദി പട്ടികയിൽ പെടുത്തിയ വ്യക്തിയാണ് ഗുര്‍പത്വന്ത് സിങ് പന്നൂൻ.
Mathew Miller comment on Pannoon murder conspiracy