വിമാനത്തിൽ കുടിവെള്ള കുപ്പിയിൽ ക്ലീനിങ് ലോഷൻ; അറിയാതെ കുടിച്ച ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ

അഗർത്തലയിൽ വിമാനത്തിൽ നിന്ന് വെള്ളമെന്ന് കരുതി മറ്റെന്തോ ദ്രാവകം കുടിച്ച ഇന്ത്യൻ ബാറ്റ്മാനും കർണാടക ക്രിക്കറ്റ് ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു . അഗർത്തല – ഡൽഹി ഇൻഡിഗോ ഫ്ലൈറ്റിൽ മായങ്ക് കയറിയ ഉടനെയാണ് സംഭവം. ദാഹം തോന്നിയ മായങ്ക് തന്റെ സീറ്റിനു മുമ്പിൽ കണ്ട വെള്ളക്കുപ്പിയിൽ നിന്ന് വെള്ളമെന്നു കരുതി വായിലെടുത്തത് മറ്റെന്തോ ദ്രാവകമായിരുന്നു. ഉടൻ തന്നെ തുപ്പിക്കളഞ്ഞെങ്കിലും വായ പൊള്ളുകയും മുഖത്തിന് നിറം മാറുകയും നീരു വയ്ക്കുകയും ചെയ്തു. വിമാനം റൺവേയിലൂടെ യാത്ര തുടങ്ങിയിരുന്നെങ്കിലും പെട്ടെന്ന് തിരികെ ബേയിൽ എത്തിച്ച് മായങ്കിനെ ആശുപത്രിയിൽ ഉടൻ എത്തിക്കുകയായിരുന്നു. മായങ്കിനൊപ്പം കർണാടക ക്രിക്കറ്റ് ടീം മാനേജർ റമേശ് റാവും ആശുപത്രിയിലുണ്ടായിരുന്നു. ഐഎൽഎസ് ആശുപത്രിയിൽ എത്തിച്ച ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു. മായങ്കിന് ആവശ്യമായ ചികിൽസകൾ നൽകിയെന്നും ഭയപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതർ പിന്നീട് അറിയിച്ചു.

കര്‍ണാടകയുടെ രഞ്ജി ട്രോഫി ടീം ക്യാപ്റ്റനായ താരത്തിന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം പറ്റിയത്. റെയില്‍വേസിനെതിരായ മത്സരത്തിന് ടീമംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മായങ്കിന് അടുത്ത മാച്ച് കളിക്കാനാവില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അപകടനില തരണം ചെയ്ത മായങ്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മായങ്ക് കുടിച്ച ദ്രാവകവും കുപ്പിയും ഫൊറൻസിക് പരിശോധനയക്ക് അയച്ചിട്ടുണ്ട്. ക്ളീനിങ് തൊഴിലാളികൾ എടുക്കാൻ മറന്നുപോയ ക്ലീനിങ് ലോഷനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

More Stories from this section

family-dental
witywide