തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കിയ കേസില്‍ മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചു.
ഇരുവരും മോശം ഭാഷ ഉപയോഗിച്ചതിന് തെളിവില്ലെന്നും സച്ചിന്‍ദേവ് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയിട്ടില്ലെന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കെഎസ്‌ആര്‍ടിസി ബസില്‍ എംഎല്‍എ അതിക്രമിച്ച് കയറിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. ആ പരാതി നിലനില്‍ക്കുന്നതല്ലെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെഎസ്‌ആര്‍ടിസി ബസിന്റെ ഡോര്‍ ഹൈഡ്രോളിക് സംവിധാനമുള്ളതാണ്. അതു തുറക്കണമെങ്കില്‍ ഡ്രൈവര്‍ വിചാരിക്കണം. യദു ഡോര്‍ തുറന്നുകൊടുത്ത ശേഷമാണ് എംഎല്‍എ അതിനകത്തുകയറിയത്. അതുകൊണ്ട് അത് അതിക്രമിച്ച് കയറല്‍ ആകില്ലെന്നാണ് പൊലിസ് വിശദീകരിക്കുന്നത്. മേയര്‍ അസഭ്യം പറഞ്ഞതായി തെളിവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരോടും അവിടെയെത്തിയ ആള്‍ക്കൂട്ടത്തിന്റെയും സാക്ഷിമൊഴിയില്‍ അത്തരം ഒരു കാര്യം ഇല്ലെന്നും പൊലീസ് പറയുന്നു.