ന്യൂഡെൽഹി: തൊഴിൽ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം (എംഇഎ) . വ്യാജ ഏജൻ്റുമാർ ആളുകളെ തൊഴിലിനായി സമീപിക്കുകയാണെന്നും കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സൂക്ഷിക്കണമെന്നും അംഗീകൃത ഏജൻസികളെ മാത്രമേ വിശ്വസിക്കാവൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നവർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത ഏജൻ്റുമാർ വഴി മാത്രമേ പോകാവൂ. നിരവധി തട്ടിപ്പ് സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, കസ്റ്റമർ സപ്പോർട്ട് സർവീസ് പോലെയുള്ള തസ്തികകൾക്കായി വ്യാജ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ പൗരന്മാരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മികച്ച ശമ്പളം, താമസം, വിമാന ടിക്കറ്റ് എന്നിവയാണ് പ്രധാന വാഗ്ദാനം. എന്നാൽ, ജോലി കിട്ടിയാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
തായ്‌ലൻഡിലോ ലാവോസിലോ വിസ ഓൺ അറൈവലിൽ തൊഴിൽ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അത്തരം വിസകളിൽ ലാവോസിലേക്ക് വരുന്ന ഇന്ത്യൻ പൗരന്മാർക്ക് അധികൃതർ തൊഴിൽ പെർമിറ്റ് നൽകുന്നില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
MEA issued an advisory for Indian nationals travelling to Laos and Cambodia