ന്യൂയോർക്ക്: ഫോക്‌സിൻ്റെയും ന്യൂസ് കോർപ്പറേഷൻ്റെയും ബോർഡുകളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച മാധ്യമ രാജാവ് റൂപർട്ട് മാർഡോക്ക് വീണ്ടും വിവാഹിതനായി. ശനിയാഴ്ചയായിരുന്നു മർഡോക്കിന്റെ അഞ്ചാം വിവാഹം. ലോസ് ഏഞ്ചൽസിലെ മൊറാഗ മുന്തിരിതോപ്പിൽ വച്ചായിരുന്നു 92ാം വയസിൽ ലീന സുക്കോവയുമായിയുള്ള മർഡോക്കിന്റെ വിവാഹമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തെളിഞ്ഞ ആകാശത്തിന് കീഴിൽ, 92 കാരനായ മർഡോക്കും 67 കാരിയായ സുക്കോവയും വിവാഹ പ്രതിജ്ഞകൾ കൈമാറി. ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സിൻ്റെ ഉടമ റോബർട്ട് കെ ക്രാഫ്റ്റ്, ന്യൂസ് കോർപ്പറേഷൻ്റെ സിഇഒ റോബർട്ട് തോംസൺ എന്നിവരും അതിഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
മർഡോക്കിൻ്റെ മൂന്നാമത്തെ ഭാര്യ വെൻഡി ഡെംഗ് വഴിയാണ് റൂപർട്ടിന്റെയും ലീനയുടെയും ബന്ധം ആരംഭിക്കുന്നത്. 1991 ൽ മോസ്കോയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ റിട്ടയേർഡ് മോളിക്യുലർ ബയോളജിസ്റ്റായ ലീന സുക്കോവ, മുമ്പ് ശതകോടീശ്വരനും ഊർജ്ജ നിക്ഷേപകനുമായ അലക്സാണ്ടർ സുക്കോവിൻ്റെ ജീവിത സഖിയായിരുന്നു.
മർഡോക് നാലാമത് വിവാഹം ചെയ്ത നടിയും മോഡലുമായ ജെറി ഹാളുമായുള്ള ബന്ധം ആറുവര്‍ഷത്തിന് ശേഷം 2022 ലാണ് അവസാനിപ്പിച്ചത്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം മോഡലും റേഡിയോ ഷോ അവതാരകയുമായ ആന്‍ ലെസ്ലി സ്മിത്തുമായി വിവാഹം ഉറപ്പിച്ചതായി റൂപര്‍ട്ട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് വിവാഹത്തിലെത്തും മുമ്പേ പിരിഞ്ഞു. ഓസ്‌ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് പെട്രീഷ്യ ബുക്കറാണ് ആദ്യ ഭാര്യ. സ്‌കോട്ടിഷ് മാധ്യമപ്രവര്‍ത്തക അന്ന മര്‍ഡോക്ക് മന്‍ രണ്ടാം ഭാര്യയാണ്.