ബംഗളൂരു: കര്‍ണാടകയിലെ ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (ജിഐഎംഎസ്) ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാം റീലിന്റെ പേരില്‍ പെട്ടുപോയി.
‘റീല്‍ ഇറ്റ്, ഫീല്‍ ഇറ്റ്’ എന്ന ഇന്‍സ്റ്റാഗ്രാം റീല്‍സ് ടാഗ്ലൈന്‍ ഉപയോഗിച്ച് 38 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം തയ്യാറാക്കിയ റീല്‍സ് ഇന്റഗ്രാമില്‍ ഇട്ടതോടെയാണ് അധികൃതരുടെ ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷ കിട്ടിയത്.
ആശുപത്രി വളപ്പില്‍ റീലുകള്‍ റെക്കോര്‍ഡ് ചെയ്തതിനും ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിനും വിദ്യാര്‍ത്ഥികളോട് ആശുപത്രി മാനേജ്മെന്റ് അവരുടെ പരിശീലന കാലാവധി ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് കൂടി നീട്ടാനാണ് ശിക്ഷ വിധിച്ചത്. ജില്ലാ ആശുപത്രി ഇടനാഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹിന്ദി, കന്നഡ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തോട് പ്രതികരിച്ച ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. ബസവരാജ് ബൊമ്മനഹള്ളി ഗുരുതരമായ തെറ്റാണെന്ന് ഇതിനെ വിശേഷിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം റീലുകള്‍ അവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് രോഗികള്‍ക്ക് അസൗകര്യം ഉണ്ടാക്കാതെയും ആശുപത്രി പരിസരത്തിന് പുറത്തുമായിരുന്നു ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോള്‍, ബിരുദദാനത്തിന് മുമ്പുള്ള ചടങ്ങിനായി ഇത് റെക്കോര്‍ഡ് ചെയ്തതാണെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.
ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ട് നടത്തിയതിന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു ഡോക്ടറെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം.