എയർ കാനഡ വിമാനത്തിലെ വ്യാജ ബോംബ് ഭീഷണി ‘കുട്ടിക്കളി’; പിടിയിലായത് 13കാരൻ

ന്യൂഡൽഹി/മീററ്റ്: ടൊറൻ്റോയിലേക്കുള്ള എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം അയച്ച പതിമൂന്നുകാരൻ കസ്റ്റഡിയിൽ.

ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള 13കാരനാണ് കഴിഞ്ഞ ചൊവ്വാഴ്ച “തമാശയ്ക്ക്” ഭീഷണി മെയിൽ അയച്ചത്. കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 10.50നാണ് ഇ-മെയിൽ ലഭിച്ചത്. വിമാനം പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതോടെ വിമാനത്തിൽനിന്ന് 301 യാത്രക്കാരെയും 16 ജീവനക്കാരെയും പുറത്തിറക്കി. 12 മണിക്കൂറാണ് വിമാനം വൈകിയത്.

ഡൽഹിയിലെ വിവിധ നഗരങ്ങളിലെ സ്‌കൂളുകളിലും നേരത്തേ സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് ഇവ വ്യാജമാണെന്ന് കണ്ടെത്തി. ടെലിവിഷനിലെ സമീപകാല വാർത്തകളിൽ നിന്നാണ് തനിക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും പതിമൂന്നുകാരൻ പൊലീസിനോട് പറഞ്ഞു.

മെയിൽ അയക്കുന്നതിനായി കൗമാരക്കാരൻ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയിരുന്നു. “അവൻ സ്വന്തം ഫോണിൽ നിന്ന് മെയിൽ അയച്ചു. അതിനായി അമ്മയുടെ വൈഫൈ കണക്ഷൻ ഉപയോഗിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. മെയിൽ അയച്ച ഉടൻ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.