ട്രംപിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയവരോട് നന്ദി പറഞ്ഞ് ഭാര്യ മെലാനിയ

വാഷിംഗ്ടണ്‍: ശനിയാഴ്ച പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനെതിരെ നടന്ന വധ ശ്രമത്തില്‍ പ്രതികരണവുമായി ഭാര്യ മെലാനിയ ട്രംപ്. വധശ്രമത്തെ അപലപിക്കുകയും ഭര്‍ത്താവിന്റെ ചിരി, സംഗീതത്തോടുള്ള ഇഷ്ടം, പ്രചോദനം എല്ലാം ഇല്ലാതാക്കാന്‍ ശ്രമിച്ചയാളെ അവര്‍ രാക്ഷസനെന്നു വിളിക്കുകയും ചെയ്തു.

ബുള്ളറ്റ് ഭര്‍ത്താവിനെ മുറിപ്പെടുത്തിയത് കണ്ടപ്പോള്‍ തന്റെ ജീവിതവും മകന്‍ ബാരന്റെ ജീവിതവും അടക്കം ഓര്‍ത്തുപോയെന്നും മെലാനിയ വ്യക്തമാക്കി. ”എന്റെ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ധീരരായ സീക്രട്ട് സര്‍വീസ് ഏജന്റുമാരോടും നിയമപാലകരോടും ഞാന്‍ നന്ദിയുള്ളവളാണ്,” എന്നും മെലാനിയ ട്രംപ് എക്സില്‍ കുറിച്ചു.

കൂടാതെ, ട്രംപിനെതിരായ വധശ്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തന്റെ ആത്മാര്‍ത്ഥമായ ദുഖം അറിയിക്കുന്നുവെന്നും മെലാനിയ പറഞ്ഞു.

ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ബട്ലറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ട്രംപിന് വെടിയേറ്റത്. വലത്തെ ചെവിയുടെ മുകള്‍ ഭാഗത്ത് നിസാര പരിക്കാണ് ഉണ്ടായത്. അക്രമിയെ സംഭവ സ്ഥലത്തുവെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കാണികള്‍ക്കിടെയിലുണ്ടായിരുന്ന ഒരാള്‍ക്കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

54 കാരിയായ മെലാനിയ തന്റെ ഭര്‍ത്താവിന്റെ പ്രസിഡന്റ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതുവരെ ട്രംപിന്റെ ഒരു റാലിയില്‍ പോലും പങ്കെടുക്കാതിരുന്ന മെലാനിയ അപൂര്‍വ്വമായാണ് പൊതു ഇടങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രത്യക്ഷപ്പെടാറുള്ളത്.