‘ഞാനില്ല, ഞാനെന്തായാലും വരില്ല’, കടുത്ത തീരുമാനമെടുത്ത് മെലാനിയ ട്രംപ്! ചായ സൽക്കാര ക്ഷണം നിരസിച്ചു

ന്യൂയോർക്ക്: പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്ന ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. പരിപാടിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ജോ ബൈഡനും പത്നി ജില്‍ ബൈഡനും ചേര്‍ന്നു നൽകിയ ക്ഷണമാണ് മെലാനിയ നിരസിച്ചത്.

വര്‍ഷങ്ങളായി തുടര്‍ന്ന വരുന്ന ഒരാചാരമാണ് ഈ ചടങ്ങ്. നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ വൈറ്റ്ഹൗസിലെ തന്റെ ഓഫീസായ ഓവല്‍ ഓഫീസില്‍ സ്വീകരിക്കുമ്ബോള്‍ പ്രസിഡന്റിന്റെ പത്നി നിയുക്ത പ്രസിഡന്റിന്റെ ഭാര്യയെ അവിടെ തന്നെയുള്ള ഔദ്യോഗിക വസതിയിലാണ് ചായസല്‍ക്കാരത്തിനായി സ്വീകരിക്കുന്നത്. 2016 ല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ ബരാക്ക് ഒബാമയുടെ പത്നിയായ മിഷേല്‍ ഒബാമ മെലനിയയെ ഇത്തരത്തില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020 ല്‍ ട്രംപ് പ്രസിഡന്റ് പദവി ഒഴിഞ്ഞ സന്ദര്‍ഭത്തില്‍ മെലനിയ ട്രംപ് ജില്‍ ബൈഡനെ ഇത്തരത്തില്‍ ക്ഷണിച്ചിരുന്നില്ല.

പ്രസിഡന്റ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ട്രംപിന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളുടെയും നിയമ നടപടികളുടേയും പശ്ചാത്തലത്തിലാണ് മെലനിയ അന്ന് ജില്‍ ബൈഡനെ ക്ഷണിക്കാത്തത് എന്നാണ് കരുതപ്പെടുന്നത്. താനാണ് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി എന്ന് ട്രംപ് അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമലാ ഹാരീസിന്റെ പരാജയത്തെ തുടര്‍ന്ന് ട്രംപും ജോബൈഡനും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു എങ്കിലും ഇരുവരുടേയും ഭാര്യമാര്‍ ഇനിയും അതിന് പോലും തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.