വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന്റെ തിരക്കിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ 78 കാരനായ അദ്ദേഹം പ്രസിഡന്റായാല്‍, ഭാര്യ മെലാനിയ ട്രംപിനെ അദ്ദേഹത്തിനൊപ്പം ഔദ്യോഗികമായി അധികം കാണാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് വിജയിച്ചാല്‍ താന്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ മെലാനിയ ട്രംപുമായി കരാര്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചാല്‍ 24 മണിക്കൂറും പ്രഥമ വനിത ഡ്യൂട്ടിയില്‍ ആയിരിക്കേണ്ടതില്ലെന്ന് മെലാനിയ തന്റെ ഭര്‍ത്താവുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മകന്‍ ബാരണ്‍ ട്രംപിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് മുന്‍ പ്രഥമ വനിത കരാര്‍ ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
18കാരനായ ബാരനെ ലൈംലൈറ്റില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന അമ്മ മെലാനിയ മകന്റെ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ ചെലുത്തുമെന്ന് സാരം. അധികം വൈകാതെ, ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്ക് മാറുമെന്നും പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ അവനെ സഹായിക്കാന്‍ മെലാനിയ ട്രംപ് ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാരന്റെ കാര്യത്തില്‍ അധിക ശ്രദ്ധ കൊടുക്കുന്നത് അമ്മ മെലാനിയ തന്നെയാണ്. അതുകൊണ്ടുതന്നെ, കൂടുതല്‍ സമയവും ന്യൂയോര്‍ക്കില്‍ ചിലവിടാനാണ് മെലാനിയ പദ്ധതിയിടുന്നത്.
ട്രംപ് പ്രസിഡന്റായാല്‍ ബാരന് അധിക ശ്രദ്ധ വേണമെന്നാണ് മെലാനിയയുടെ ഭാഗം. ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഒരു റിപ്പബ്ലിക്കന്‍ പ്രതിനിധിയായി ബാരണ്‍ പ്രവര്‍ത്തിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മെലാനിയ തന്നെ റിപ്പോര്‍ട്ട് തള്ളി രംഗത്തെത്തിയിരുന്നു. മകനെ തത്ക്കാലം രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ തന്നെയാണ് മെലാനിയയുടെ തീരുമാനം.