വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്, പ്രമുഖ ജീവകാരുണ്യ സംഘടനകളിൽ ഒന്നായ ബില്‍ ആന്റ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്ന് പടിയിറങ്ങുന്നു. ഫൗണ്ടേഷനിലെ സഹ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് മെലിൻഡ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിന് തുടക്കമിട്ട് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മെലിൻഡ ഗേറ്റ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിലെ അവസാന ജോലി ദിവസം ജൂൺ ഏഴിനായിരിക്കുമെന്നും മെലിൻഡ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലായി സമഭാവന സൃഷ്ടിക്കുന്ന പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും അവർ രാജി പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ ആഗോളതലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ രണ്ട് പതിറ്റാണ്ട് കാലം മികച്ച സംഭാവനകള്‍ നല്‍കിയതിനു ശേഷമാണു മെലിന്‍ഡ രാജിവയ്ക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി അറിയിച്ച മെലിന്‍ഡ, ആഗോളതലത്തിലുള്ള അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഹിച്ച പങ്കിനെ കുറിച്ചും എടുത്തുപറഞ്ഞു.
ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സിഇഒ മാര്‍ക്ക് സുസ്മാനെയും ട്രസ്റ്റി ബോര്‍ഡിനെയും മെലിന്‍ഡ അഭിനന്ദിച്ചു. ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നും പടിയിറങ്ങുന്ന മെലിന്‍ഡ സ്വന്തം സ്ഥാപനമായ പിവറ്റല്‍ വെഞ്ചേഴ്‌സ് വഴി സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.