ഡൊണാൾഡ് ട്രംപിനെ കുറിച്ച് ആംഗല മർക്കൽ ആദ്യം കരുതിയത് അയാൾ തികച്ചും സാധാരണ മനുഷ്യജീവിയാണ് എന്നാണ്. “എന്നാൽ അയാൾ ഒരു വികാര ജീവിയും സ്വേച്ഛാധിപതികളോടും ഏകാധിപതികളോടും ആരാധന പുലർത്തുന്ന വ്യക്തിയുമാണെന്ന് പെട്ടെന്നു തന്നെ മനസ്സിലായി”. ജർമനിയുടെ മുൻ ചാൻസലർ ആംഗല മർക്കൽ ഈ 26 പുറത്തിറക്കുന്ന ഫ്രീഡം മെമ്മറീസ് 1954 – 2021 എന്ന പുസ്തകത്തിലാണ് ട്രംപിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നത്.
2017 ൽ വൈറ്റ് ഹൌസിൽ എത്തിയ മർക്കലിനു ക്യാമറകൾക്കു മുന്നിൽ ഹസ്തദാനം ചെയ്യാൻ ട്രംപ് വിസമ്മതിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചതായി മർക്കൽ ഓർമിക്കുന്നു. ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ട്രംപ് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. എല്ലാവരും തന്നെമാത്രം ശ്രദ്ധിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. തന്നോട് സംസാരിക്കുന്ന എല്ലാവരും തന്നെ ഇഷ്ടപ്പെടണമെന്നും ട്രംപിന് വലിയ ആഗ്രഹമുണ്ട്.
തനി വസ്തുക്കച്ചവടക്കാരനെപോലെയായിരുന്നു ട്രംപിൻ്റെ രാഷ്ട്രീയ ഇടപെടലുകൾ. എല്ലാ രാജ്യങ്ങളും അയാൾക്ക് ശത്രുക്കളാണ്. ഒരാളുടെ വിജയം മറ്റൊരാളുടെ പരാജയമാണെന്ന് അദ്ദേഹം കരുതുന്നു. താൻ മാത്രം എപ്പോഴും ജയിക്കണമെന്നും മറ്റാരും ജയിക്കരുതെന്നും നിർബന്ധമുള്ള വ്യക്തിയാണ് ട്രംപ്. എല്ലാവർക്കും സഹകരിച്ച് മുന്നോട്ടു പോകാം എന്ന നിലപാട് അദ്ദേഹത്തിന് അറിയില്ല. മർക്കൽ പറയുന്നു.
പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിൻമാറിയത് എല്ലാവരേയും ഞെട്ടിച്ചെന്നും അതിനെ തുടർന്ന് താൻ പോപ്പിനെ കാണാൻ പോയെന്നും ആംഗല പറയുന്നു. ഒട്ടും യോജിച്ചു പോകാൻ കഴിയാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആംഗല മാർപാപ്പയോട് ചോദിച്ചു. ട്രംപിനെയാണ് ഉദ്ദേശിച്ചത് എന്ന് പാപ്പയ്ക്ക് മനസ്സിലായി അദ്ദേഹം പറഞ്ഞു “പരാമാവധി കുനിഞ്ഞുകൊടുക്കാം പക്ഷേ നടുവൊടിയരുത്. “
കൂടിക്കാഴ്ചക്കു പോലും വളർത്തുനായ്ക്കളെ കൊണ്ടുവന്ന് അതിഥികളെ പേടിപ്പിക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ നായ തന്ത്രത്തെ കുറിച്ചും ഓർമകുറിപ്പിൽ പ്രതിപാദിക്കുന്നു.
Memoir of Angela Merkel recalls Donald trump