”ഗര്‍ഭിണിയാവുകയും പിന്നീടത് അലസിപ്പോവുകയും ചെയ്യുന്ന സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കണം, പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍…” : സുപ്രീംകോടതി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ആറ് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശനം നടത്തി. ‘ആര്‍ത്തവം അനുഭവപ്പെട്ടാല്‍ പുരുഷന്മാര്‍ക്ക് സാഹചര്യം മനസ്സിലാകും’ എന്നാണ് നടപടിക്കെതിരെ പരമോന്നത കോടതി അഭിപ്രായപ്പെട്ടത്.

കേസില്‍ ജസ്റ്റിസുമാരായ ബിവി നാഗരത്ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ സമിതി വാദം കേള്‍ക്കുകയായിരുന്നു.

മധ്യപ്രദേശ് അടുത്തിടെ ആറ് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടിരുന്നു. കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതിനാലാണ് ജഡ്ജിമാരെ പിരിച്ചുവിട്ടതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശദീകരിച്ചു. വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ മികവ് വിലയിരുത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്ന മാനദണ്ഡങ്ങളില്‍ കടുത്ത അതൃപ്തിയാണ് സുപ്രീംകോടതി അറിയിച്ചത്. ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് വനിതാജഡ്ജിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതിരുന്നതിനെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കത് മനസ്സിലാവുമായിരുന്നെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പറഞ്ഞു.

മോശം പ്രകടനത്തിന്റെ പേരില്‍ ജഡ്ജി അദിതി കുമാര്‍ ശര്‍മയെ പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹര്‍ജിയാണ് ബെഞ്ച് പരിഗണിച്ചത്. പുറത്താക്കിയ ജഡ്ജിമാരിലൊരാള്‍ ഒരുവര്‍ഷത്തില്‍ രണ്ടുകേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നും ഇത് ശരാശരിയില്‍ താഴെയുള്ള പ്രകടനമാണെന്നുമാണ് ഹൈക്കോടതി വിലയിരുത്തിയത്.

എന്നാല്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ക്ക് ഗര്‍ഭം അലസിപ്പോയിരുന്നതായും ജോലിചെയ്യാന്‍ കഴിയാത്തവിധം മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും ബോധ്യപ്പെട്ടു. തുടര്‍ന്നായിരുന്നു ആര്‍ത്തവ സംബന്ധ പരാമര്‍ശം ഉണ്ടായത്.

More Stories from this section

family-dental
witywide