കോപ്പയിൽ നാളെ കൊടുങ്കാറ്റ്: അമേരിക്ക ഒരുങ്ങി; ആദ്യ മത്സരം നാളെ അർജന്റീനയും കാനഡയും തമ്മിൽ

ന്യൂയോർക്ക്: കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടം നാളെ. ഗ്രൂപ്പ് എയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും കാനഡയും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. പുലർച്ചെ 5.30നാണ് കിക്കോഫ്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന ഗ്രൂപ്പ് ഘട്ടം മുതൽ ശ്രമിക്കുക.

അടുത്ത മാസം 14ന് ഫൈനല്‍ മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി 16 ടീമുകളാണ് പോരടിക്കുന്നത്. 2021ല്‍ നടത്തിയ മുന്‍ കോപ്പ അമേരിക്കയില്‍ ലാറ്റിനമേരിക്കന്‍ വന്‍കരയിലെ പത്ത് ടീമുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ വടക്കേ അമേരിക്കന്‍ ടീമുകളായ കാനഡ, അമേരിക്ക, കോസ്റ്റ റിക്ക ടീമുകളടക്കം മത്സരരംഗത്തുണ്ട്. നാല് ടീമുകള്‍ വീതം ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളുള്ളതാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും വിതമാണ് ഫിക്‌സര്‍.

നാളെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ, മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിലാണ്. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴിൽ പുതുടീമാണു കാനഡ. യുഎസിലെ മേജർ സോക്കർ ലീഗിൽനിന്നുള്ള 14 താരങ്ങൾ ടീമിലുണ്ട്. ആഭ്യന്തര ലീഗിലെ ഈ പരിചയം കാനഡയെ തുണയ്ക്കുമെന്നാണു കരുതുന്നത്. അൽഫോൻസോ ഡേവിസാണ് കാനഡയുടെ ക്യാപ്റ്റൻ.