മലപ്പുറം : മെസ്സിയും സംഘവും കേരളത്തില്‍ പന്തുതട്ടുമെന്ന വാര്‍ത്ത വീണ്ടും ചര്‍ച്ചയായതോടെ ഇതിനെതിരായ പോസ്റ്റ് വൈറല്‍. ‘മെസ്സിയെ കൊണ്ട് വരുന്ന 250 കോടി വയനാടിന് നല്‍കൂ, മെസ്സിയെ ടി.വിയില്‍ കണ്ടോളാം’ എന്ന പോസ്റ്റിന്മേലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ . ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളുടേത് എന്ന പേരിലാണ് പോസ്റ്റ് കത്തിക്കയറുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസ പദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിലാണ് മെസ്സിക്കായി ചിലവഴിക്കുന്ന പണം വയനാടിനായി നല്‍കാനുള്ള ആഹ്വാനം. എന്നാല്‍ ഈ പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പോകുന്നതെന്നും, സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നതാണെന്നും പോസ്റ്റിനെ പ്രതികൂലിക്കുന്നവര്‍ എടുത്തുകാട്ടി.
അതേസമയം, കേരളത്തിലെ കായികമേഖലയുടെ ദുരവസ്ഥ പങ്കുവെച്ച് കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്തായാലും മെസിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാക്കേറ്റങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. മെസ്സിയെ പോലെയുള്ള ഒരു വലിയ താരത്തെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിച്ചത് കൊണ്ട് കായികമേഖലക്ക് എന്ത് ഗുണമെന്ന ചോദ്യത്തിന് മെസ്സിയെത്തുന്നതോടെ കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം കടല്‍ കടന്ന് പോകുമെന്നും അത് ശുഭകരമായ ഒരു തുടക്കമായിരിക്കുമെന്നാണ് ആരാധകരുടെ മറുപടി.
വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചിട്ട് അത് വയനാടിന് കൊടുത്താലോ എന്ന നിര്‍ദ്ദേശം കൊള്ളാം, ഈ പറയുന്നവന്മാര്‍ മെസ്സി വരുമ്പോള്‍ മുന്നില്‍ തന്നെ ഉണ്ടാവും, റോണാള്‍ഡോയെ കൊണ്ടുവരാത്തതിന്റെ വിഷമം…! എന്നിങ്ങനെ നീങ്ങുപോകുന്നു വാക്‌പോരുകള്‍.