യുഎസിൽ ഇനി മുഖസാദൃശ്യമുള്ള എ ഐ അവതാറുകൾ, ഇന്ത്യക്കാർക്കും നേട്ടം! ഹിന്ദിയിൽ ചാറ്റ് ചെയ്യാം അപ്ഡേറ്റുമായി മെറ്റ

ഹിന്ദി ഭാഷ അവതരിപ്പിച്ച് മെറ്റ എ ഐ. അതോടൊപ്പം അമേരിക്കയിൽ എ ഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എ ഐ അവതാറുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ‘ഇമാജിന്‍ മി’ എന്ന സേവനവും അവതരിപ്പിച്ചു. ഇനി മുതൽ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് ഉള്‍പ്പടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ മെറ്റ എ ഐ ചാറ്റ്‌ബോട്ടില്‍ ഹിന്ദി ഭാഷയില്‍ ചാറ്റ് ചെയ്യാം. ഏഴ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കൂടി മെറ്റ എ ഐ സേവനം വ്യാപിപ്പിച്ചെന്നും മെറ്റ അറിയിച്ചു.

അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്‌സികോ, പെറു, കാമറൂണ്‍ എന്നീ രാജ്യങ്ങളിലാണ് എഐ സേവനം വ്യാപിച്ചത്. ഇതോടെ 22 രാജ്യങ്ങളില്‍ മെറ്റ എ ഐ സേവനം ലഭിക്കും. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോള്‍ മെറ്റ എ ഐ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്ന് മെറ്റ പറഞ്ഞു.

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കും. മെറ്റയുടെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത്. പുതിയ മെറ്റ 405ബി വേര്‍ഷന് സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്ന് മെറ്റ പറയുന്നു.