ട്രംപിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ നിയന്ത്രണം പിൻവലിച്ച് മെറ്റ

സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുകയാണെന്ന് മെറ്റ. 2021 ലെ ക്യാപിറ്റോൾ അക്രമത്തെ തുടർന്നാണ് ട്രംപിന് മെറ്റ വിലക്ക് ഏർപ്പെടുത്തിയത്.

തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി കൂടിയാണ് ട്രംപ്. 2023 ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ മെറ്റ അനുമതി നൽകി. നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി വെള്ളിയാഴ്ച മെറ്റ വ്യക്തമാക്കി. ഫേസ്ബുകിൽ 34 ദശലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്.

രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾക്ക് മറ്റ് സ്ഥാനാർത്ഥികളെ പോലെ ട്രംപിനും സ്വാതന്ത്ര്യമുണ്ടെന്ന് തങ്ങൾ മനസിലാക്കുന്നതായി മെറ്റ പ്രസ്താവനയിൽ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ എല്ലാ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും അതേ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡുകൾക്ക് വിധേയമായി തുടരുമെന്നും മെറ്റ കൂട്ടിച്ചേർത്തു.

നേരത്തെ ട്വിറ്ററും മുൻ പ്രസിഡന്റിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ആ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ട്രംപ് ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടത്തുന്നത് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി ആണ്.

More Stories from this section

family-dental
witywide