മെക്സിക്കോയിൽ ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ ഇനി വോട്ടർമാർക്ക് അവകാശം

മെക്സികോ സിറ്റി: എല്ലാ കോടതികളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് അവകാശം നൽകുന്ന ആദ്യ രാജ്യമായി മെക്സിക്കോ. ഇതിനുള്ള വിവാദ ബില്ലിന് മെക്സിക്കോ പാർലമെന്റ് ബുധനാഴ്ച അംഗീകാരം നൽകി. നൂറുകണക്കിനു പ്രക്ഷോഭകർ പാർലമെന്റിലേക്ക് ഇരച്ചുകയറിയതിനാൽ എം.പി.മാർ പഴയ സെനറ്റ് കെട്ടിടത്തിലേക്ക് മാറിയാണ് വോട്ടുചെയ്തത്. ഭരണകക്ഷിയായ മൊറേനാ പാർട്ടിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷമുള്ള ഉപരിസഭയിൽ ഭരണഘടനാ പരിഷ്കരണം പാസായി. കഴിഞ്ഞയാഴ്ച അധോസഭയിൽ ബിൽ പാസാക്കിയിരുന്നു.

നീതിന്യായവ്യവസ്ഥയെ ഉടച്ചുവാർക്കാനുള്ള പ്രസിഡന്റ് ആന്ദ്രേയ് മാന്വൽ ലോപ്പസ് ഒബ്രദോറിന്റെ നീക്കത്തിനെതിരേ വിവിധ മേഖലകളിൽനിന്ന് വൻ പ്രതിഷേധമാണുയർന്നത്. എന്നാൽ, രാഷ്ട്രീയ-സാമ്പത്തിക ഉന്നതരുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് ജുഡീഷ്യറി പ്രവർത്തിക്കുന്നതെന്നു വാദിച്ച് പരിഷ്കാരവുമായി മുന്നോട്ടുപോകുകയായിരുന്നു അദ്ദേഹം.

ഈ സംവിധാനത്തിന്റെ ആനുകൂല്യം കിട്ടുന്നവരാണ് പ്രതിഷേധിക്കുന്നതെന്നും ഇടതുപക്ഷക്കാരനായ അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ നീക്കത്തിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നോർമ പിന മുന്നറിയിപ്പു നൽകി.

മയക്കുമരുന്നു മാഫിയകൾ ശക്തമായ മെക്സിക്കോയിൽ പൊതുതിരഞ്ഞെടുപ്പിലൂടെ ജയിച്ചുവരുന്ന ജഡ്‌ജിമാർ കുറ്റവാളികളുടെ സമ്മർദത്തിനു കീഴടങ്ങാനിടയുണ്ടെന്ന് പിന പറഞ്ഞു

കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതിവരെ എല്ലായിടത്തും ജഡ്‌ജിമാരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിനുള്ളതാണ് ഭരണഘടനാഭേദഗതി. 2025-ലോ 2027-ലോ ആയിരിക്കും ആദ്യ തിരഞ്ഞെടുപ്പ്. 1,600- ഓളം ജഡ്ജിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന് കരുതുന്നു.

Mexico to allow voters to elect judges

More Stories from this section

family-dental
witywide