മെക്സിക്കോയിലേക്ക് യാത്രക്കൊരുങ്ങുകയാണോ? ഇതാ യുഎസിന്റെ ചില അടിയന്തര മുന്നറിയിപ്പുകൾ

ലഹരിക്കടത്തിൽ രണ്ട് മുഖ്യ ഏജന്റുമാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മെക്സിക്കോയിൽ, പ്രത്യേകിച്ച് സിനലോവയിൽ സുരക്ഷാ സ്ഥിതി കൂടുതൽ വഷളായി. നിലവിൽ ഏജന്റുമാരുടെ വിശ്വസ്തർ അഴിച്ചുവിട്ട അതിക്രമം തുടരുകയും മുപ്പതോളം പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, മെക്സിക്കോയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് യുഎസ് അധികൃതർ.

സെപ്‌റ്റംബർ 12 വ്യാഴാഴ്ചയാണ് യു.എസ് പൗരന്മാർക്കുള്ള സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്.

“(യു.എസ്. കോൺസുലേറ്റിന്) സിനലോവ സംസ്ഥാനത്തെ കുലിയാക്കൻ പരിസരത്ത് കാർ മോഷണം, വെടിവയ്പ്പ്, സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ, റോഡ് ബ്ലോക്കുകൾ, വാഹനങ്ങൾ കത്തിക്കൽ, റോഡുകൾ അടച്ചിടൽ എന്നിങ്ങനെയുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.” എന്ന് മുന്നറിയിപ്പിന്റെ ആമുഖമായി പറയുന്നു.

സിനലോവ ലെവൽ 4 ക്യാറ്റഗറിയിലാണ് വരുന്നത്. ഇവിടേയ്ക്ക് യാത്ര ചെയ്യരുത് എന്നാണ് മുന്നറിയിപ്പ്. കോളിമ, ഗുറേറോ, മൈക്കോകാൻ, തമൗലിപാസ്, സകാറ്റെകാസ് എന്നീ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യരുത് എന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളും ആളുകളെ തട്ടിക്കൊണ്ടു പോകലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.