കൊല്‍ക്കത്ത: ജൂനിയര്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാരും ഇടപെടുന്നു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില സംബന്ധിച്ച് റിപോര്‍ട്ട് വേണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപെട്ടിട്ടുണ്ട്. സംഭവം നടന്നത് ബംഗാളിൽ ആയതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം ഉണ്ട്.
എല്ലാ സംസ്ഥാനങ്ങളും ഓരോ രണ്ട് മണിക്കൂറിലും റിപോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലീസിന് നിര്‍ദേശം നല്‍കി. മെയില്‍, ഫാക്സ് അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി റിപോര്‍ട്ട് അയക്കാനാണ് നിര്‍ദേശം. ആഗസ്റ്റ് 16ന് വൈകിട്ട് നാല് മുതലുള്ള റിപോര്‍ട്ട് ആണ് അയയ്‌ക്കേണ്ടത്.
ഈ മാസം ഒമ്പതിനാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ പി ജി ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവസം കഴിയുന്തോറും പ്രതിഷേധം അതിശക്തം ആകുകയാണ്.