ജീവനുള്ള പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളിൽ; മിയാമി എയർപോർട്ടിൽ നിന്ന് യാത്രക്കാരനെ പിടികൂടി

മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അമേരിക്കയിലെ മിയാമി എയർപോർട്ടിൽ നിന്നും കസ്റ്റംസ് അധികൃതർ പിടികൂടി. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പരിശോധനയിൽ ബാഗിലാക്കിയ രണ്ട് വെള്ളപ്പാമ്പുകളെയാണ് കണ്ടെത്തിയത്.

കുറച്ചുനാൾ മുമ്പ് കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ച അമേരിക്കൻ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കനേഡിയൻ അതിർത്തി വഴി ബസിൽ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.