‘അതിരുവിട്ട്’ മൈക്രോപ്ലാസ്റ്റിക്; ഇന്ത്യയില്‍ പഞ്ചസാരയിലും ഉപ്പിലും വരെ സാന്നിധ്യം

ലോകമെമ്പാടും ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നമായി മാറിയിരിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക് വായു, വെള്ളം, മണ്ണ്, ഭക്ഷണം, മനുഷ്യാവയവങ്ങള്‍ എന്നിവയില്‍ പോലും കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ ടോക്‌സിക്‌സ് ലിങ്ക് എന്ന സ്ഥാപനം നടത്തിയ ഒരു പഠന ഫലം കാണിക്കുന്നത് ഇന്ത്യയില്‍ ലഭ്യമായ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകള്‍, അത് ചെറുതോ വലുതോ ആകട്ടെ, പാക്കു ചെയ്തതോ അല്ലാത്തതോ ആകട്ടെ, മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമുണ്ടെന്നാണ്.

ഗവേഷകര്‍ 10 തരം ഉപ്പില്‍ നടത്തിയ പഠനമനുസരിച്ച്, അയോഡൈസ്ഡ് ഉപ്പിലാണ് മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഏറ്റവും ഉയര്‍ന്ന അളവ് കണ്ടെത്തിയത്. ഓര്‍ഗാനിക് റോക്ക് ഉപ്പില്‍ ഇവയുടെ അളവ് ഏറ്റവും കുറവാണെന്നും കണ്ടെത്തി. അയോഡൈസ്ഡ് ഉപ്പില്‍, മൈക്രോപ്ലാസ്റ്റിക് പല നിറങ്ങളിലുള്ള നേര്‍ത്ത നാരുകളുടെയും ഫിലിമുകളുടെയും രൂപത്തിലാണ് കണ്ടെത്തിയത്. ഒരു കിലോയില്‍ ഉപ്പില്‍ 6.71 മുതല്‍ 89.15 കഷണങ്ങള്‍ വരെ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍, പ്രാദേശിക വിപണികളില്‍ നിന്ന് വാങ്ങിയ അഞ്ച് തരം പഞ്ചസാരയും ഗവേഷകര്‍ പരിശോധിച്ചു. ഇതില്‍, മൈക്രോപ്ലാസ്റ്റിക്‌സിന്റെ സാന്ദ്രത ഒരു കിലോയ്ക്ക് 11.85 മുതല്‍ 68.25 വരെ ആയിരുന്നു. ഓര്‍ഗാനിക് അല്ലാത്ത പഞ്ചസാരയില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടായിരുന്നു. അവയുടെ വലുപ്പം 0.1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയാണ്.

എല്ലാ ഉപ്പ്, പഞ്ചസാര സാമ്പിളുകളിലും ഗണ്യമായ അളവില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയത്് മനുഷ്യന്റെ ആരോഗ്യത്തില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കുന്ന ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അടിയന്തിരവും സമഗ്രവുമായ ഗവേഷണം ആവശ്യപ്പെടുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide