കൊച്ചി: മൈക്രോസോഫ്റ്റിന് സൈബര്‍ സുരക്ഷ നല്‍കുന്ന പ്ലാറ്റ്ഫോമായ ‘ക്രൗഡ്‌സ്‌ട്രൈക്ക്’ പണിമുടക്കിയതോടെ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍നിന്നും ഷെഡ്യൂള്‍ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. വെള്ളിയാഴ്ച കൊച്ചിയില്‍നിന്നുള്ള 12 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോയുടെയും എയര്‍ഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനം സാധാരണനിലയിലായതായും റിപ്പോര്‍ട്ടുണ്ട്.
ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ വിവിധമേഖലകളിലെ ഡിജിറ്റല്‍ സേവനങ്ങള്‍ സ്തംഭിച്ചു. മധ്യ അമേരിക്കയിലാണ് തകരാര്‍ ആദ്യം റിപ്പോര്‍ട്ടുചെയ്തത്. ഇന്ത്യന്‍സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നാണ് യു.എസ്. കമ്പനിയായ ക്രൗഡ് സ്‌ട്രൈക്ക് സോഫ്റ്റ് വേര്‍ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് നിശ്ചലമായത്.