ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടി പ്രാർഥനയോഗം സംഘടിപ്പിച്ചു, ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

വാഷിംഗ്ടൺ: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടി പ്രാർഥനയോഗം സംഘടിപ്പിച്ച രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്. ഫോൺ കോളിലൂടെ ആയിരുന്നു ഇരുവരെയും പിരിച്ചുവിട്ടതായി മൈക്രോസോഫ്റ്റ് അറിയിച്ചത്. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. വ്യാഴാഴ്ചയായിരുന്നു പുറത്താക്കൽ നടപടി ജീവനക്കാരെ അറിയിച്ചത്.

വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റിന്റെ റെഡ്മോണ്ട് കാമ്പസിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. മൈക്രോസോഫ്റ്റ് അവരുടെ ക്ലൗഡ് കമ്ബ്യൂട്ടിങ് ടെക്നോളജി ഇസ്രായേല്‍ സർക്കാറിന് വില്‍ക്കുന്നതിനെ എതിർക്കുന്നവരാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചതെന്നാണ് വിവരം. ഞങ്ങളുടെ കമ്യൂണിറ്റിയിലെ മൈക്രോസോഫ്റ്റിലെ പലർക്കും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടു. എന്നാല്‍, ഞങ്ങളെ പരിഗണക്കുന്നതിൽ മൈക്രോസോഫ്റ്റ് പരാജയപ്പെട്ടു. അതുകൊണ്ടാണ് തങ്ങള്‍ ഒരുമിച്ച്‌ ചേർന്ന് ദുഃഖം പങ്കുവെക്കാൻ തീരുമാനിച്ചതെന്നും കമ്പനിയില്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുന്ന അബ്ദുള്‍ റഹ്മാൻ മുഹമ്മദ് പറഞ്ഞു.

ഈജിപ്തില്‍ നിന്നുള്ളയാളാണ് മുഹമ്മദ്. മൈക്രോസോഫ്റ്റില്‍ നിന്നും പിരിച്ചുവിടപ്പെട്ടതോടെ അടുത്ത രണ്ട് മാസത്തില്‍ മറ്റൊരു ജോലി കണ്ടെത്തണമെന്ന സാഹചര്യത്തിലാണിവര്‍. അല്ലെങ്കില്‍ ഡിപോർട്ടേഷൻ ഉള്‍പ്പടെയുള്ള നടപടികള്‍ മുഹമ്മദ് അടക്കമുള്ളവര്‍ നേരിടേണ്ടി വരും. ഹുസാം നസീറാണ് പുറത്താക്കപ്പെട്ട മറ്റൊരു ജീവനക്കാരൻ. 2021ല്‍ ഹാർവാർഡ് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയയാളാണ് ഹുസാം നസീർ.