ബെയ്റൂട്ട്: ഹിസ്ബുള്ളക്ക് വീണ്ടും കനത്ത പ്രഹരമേൽപ്പിച്ച് ഇസ്രയേൽ വ്യോമാക്രമണം. ഹിസ്ബുള്ളയുടെ വക്താവും സായുധസംഘത്തിലെ നസ്രല്ലയുടെ പിൻഗാമി മുഹമ്മദ് അഫീഫിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. മധ്യ ബെയ്റൂട്ടിൽ ഇന്ന് നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫിസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഹിസ്ബുല്ലയുടെ വാർത്താ സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബർ അവസാനം ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്. ലബനന്റെ വടക്കൻഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്ക്കെതിരെ ലബനന്റെ അതിർത്തി പ്രദേശങ്ങളിൽ കരയുദ്ധം നടത്തുന്ന ഇസ്രയേൽ സൈന്യം ഇത്ര വലിയ പോരാട്ടം നടത്തുന്നത് ആദ്യമാണ്.