
ലാപാസ്: ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെയുടെ കൊട്ടാരത്തിലേക്ക് സൈന്യം ഇരച്ചുകയറുകയും സൈനിക അട്ടിമറി ശ്രമം നടത്തുകയും ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെ പ്രസിഡന്റ് സൈന്യത്തിന് നേരെ തിരിയുകയും അട്ടിമറിക്ക് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബൊളീവിയന്‍ ജനറല്‍ ജുവാന്‍ ജോസ് സുനിഗയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സുനിഗയെ കമാന്‍ഡര്‍ സ്ഥാനത്തുനിന്നു പുറത്താക്കാനും ആര്‍സെ ഉത്തരവിട്ടു. പുതിയ സൈനികമേധാവിയെയും പ്രഖ്യാപിച്ചു. ഇതു കേട്ടയുടന്‍ സൈനികര്‍ അട്ടിമറി ശ്രമത്തില്‍നിന്നു പിന്മാറി ആയുധംവച്ചു കീഴടങ്ങി. പ്രസിഡന്റിനെ താഴെയിറക്കുമെന്നും ഭരണം പിടിക്കുമെന്നും പറഞ്ഞ് കൊട്ടാരത്തിന്റെ വാതിലും തകര്‍ത്തുവന്ന ജനറല്‍ ജുവാന്‍ ജോസ് സുനിഗയുടെ അറസ്റ്റോടെ കാര്യങ്ങളുടെ ഗതി പെട്ടെന്നാണ് മാറിയത്.
എന്നാല്‍ എല്ലാം പ്രസിഡന്റിന്റെ അറിവോടെയാണെന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് സുനിഗ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തുറന്നു പറഞ്ഞു. അട്ടിമറി ശ്രമം പ്രസിഡന്റിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിട്ടാണു താനിതൊക്കെ ചെയ്തത് എന്നുമായിരുന്നു സുനിഗ തട്ടിവിട്ടത്. ഇതോടെ അട്ടിമറി നാടകത്തിന് തിരശ്ശീല വീഴുകയായിരുന്നു. നിലവിലെ സാഹചര്യം വളരെ മോശമാണെന്നും തന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂവെന്ന പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണ് എല്ലാം പ്ലാന്‍ ചെയ്തതെന്നുകൂടി പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം എല്ലാവര്‍ക്കും മനസിലായി.
എന്നാല്‍ പിടിച്ചു നില്‍ക്കാനെന്നോണം ആര്‍സെ ഇതൊക്കെയും നിഷേധിച്ചിട്ടുണ്ട്. എങ്കിലും ഇത്രയും വേഗത്തിലുള്ള അട്ടിമറിയും അതിനോടനുബന്ധിച്ചുണ്ടായ രംഗങ്ങളും കൂട്ടി വായിക്കുമ്പോള്‍ എല്ലാമൊരു നാടകമെന്ന് വ്യക്തമെന്ന് വിലയിരുത്തപ്പെടുന്നു.
2019ല്‍ പ്രതിഷേധത്തെത്തുടര്‍ന്നു മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചതിനു പിന്നാലെയാണു ആര്‍സെ പ്രസിഡന്റാകുന്നത്. എന്നാല്‍ പിന്നീട് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും കാര്യങ്ങള്‍ പ്രസിഡന്റിന്റെ കൈവിട്ട് പോകുകയുമായിരുന്നു. മൊറാലസ് തിരിച്ചെത്തി 2025ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചതോടെയാണ് ഇപ്പോഴത്തെ ട്വിസ്റ്റുകളുടെ ചരടുവലിയെന്നു വേണം കരുതാന്‍.