
ക്യൂബയിലെ പ്രധാന വൈദ്യുത ഉത്പാദന കേന്ദ്രത്തിലുണ്ടായ തകരാർ രാജ്യത്തെ രണ്ട് ദിവസമായി ഇരുട്ടിലാക്കിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ചെറിയ തോതിൽ വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ക്യൂബയിലെ ഒരു കോടിയോളം ജനങ്ങൾ 50 മണിക്കൂറിലധികമായി ഇരുട്ടിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ അൻ്റോണിയോ ഗുട്ടെറസ് പവർ പ്ലാൻ്റിലുണ്ടായ സാങ്കേതിക തകരാറാണ് രാജ്യത്തെ ഇരുട്ടിലാക്കിയത്. ഇതുവരെ ചെറിയ തോതിൽ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടുള്ളൂ. ക്യൂബയിലെ പത്ത് മില്യൺ ജനത്തെ ഇത് ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാതെ ഇനി വിശ്രമമില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് വ്യക്തമാക്കി.
നിലവിൽ അഞ്ചിൽ ഒരു ശതമാനം ജനങ്ങൾക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാനായെന്നാണ് ക്യൂബൻ ഭരണകൂടം വ്യക്തമാക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായി പ്രതിസന്ധി പരിഹരിക്കപ്പെടും വരെ ഇനിയും ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി