ഇക്കാലത്ത് സെൽഫിയെടുക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? മിക്കവാറും എല്ലാവരും സെൽഫി പ്രേമം ഉള്ളവരാണ്. എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ സെൽഫി നിരോധനമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇവിടങ്ങളിൽ പോയി സെൽഫിയെടുത്താൽ പണി വരുന്ന വഴി കാണില്ല.
ഡിസ്നിലാൻഡ്, യുഎസ്എ
വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്നാൽ 2015ലാണ്, ഡിസ്നിലാൻഡിന്റെ പരിസരത്ത് സെൽഫി സ്റ്റിക്ക് നിരോധിച്ചത്. കാലിഫോർണിയയാണ് ആദ്യം നിരോധനം നടപ്പിലാക്കിയത്. മുമ്പ് വളരെ അപകടകരമായ റൈഡുകളിൽ മാത്രമായിരുന്നു സെൽഫി നിരോധനം. എന്നാൽ ജീവനക്കാരിൽ നിന്നും സന്ദർശകരിൽ നിന്നും പരാതികൾ കൂടിയ ശേഷം, നിരോധനത്തിന്റെ വ്യാപ്തി കൂട്ടുകയും എല്ലാ ഡിസ്നി പാർക്കുകളിലും നിരോധനം കർശനമാക്കുകയും ചെയ്തു.
ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക
സിംഹവുമായുള്ള സെൽഫിയെന്ന് കേൾക്കുമ്പോൾ അൽപ്പം ആവേശം തോന്നുമെങ്കിലും കരുതിയിരിക്കണം. പണി തരുന്നത് സിംഹമായിരിക്കില്ല, നിയപാലകരായിരിക്കും. ജോഹന്നാസ്ബർഗിലെ ലയൺ പാർക്ക് ആണ് സെൽഫി നിരോധനമുള്ള മറ്റൊരിടം. എന്നാൽ നിങ്ങൾക്ക് തീർച്ചയായും സിംഹങ്ങളുടെ കൂടെ നടക്കാനും അവയെ ലാളിക്കാനും അവയ്‌ക്കൊപ്പം ചിത്രങ്ങൾ എടുക്കാനും കഴിയും. സെൽഫി ആയിരിക്കില്ലെന്ന് മാത്രം.
കൊളോസിയം, റോം
സഞ്ചാരികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയൊരുക്കി കാത്തിരിക്കുന്ന ഇടമാണ് കൊളോസിയം. അതുകൊണ്ടു തന്നെയാണ് സെൽഫി നിരോധനം ഏർപ്പെടുത്തിയതും. എല്ലാവരും സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കാന്‍ തുടങ്ങിയാല്‍ കൊളോസിയത്തിന് നാശം സംഭവിക്കുമെന്ന ഭയമാണ് അധികൃതരെ സെൽഫി നിരോധനത്തിലേക്ക് നയിച്ചത്.
കാലിഫോർണിയ, യുഎസ്എ
കാലിഫോർണിയയിലെ താഹോ തടാകം കരടികളാൽ പേരുകേട്ടതാണ്, ‘കരടി സെൽഫി’ അടുത്തിടെ നിരോധിച്ച ഒരു ഐറ്റമാണ്. ഇത് മൃഗങ്ങളെയും സന്ദർശകരെയും അപകടത്തിലാക്കുമെന്ന് അധികൃതർ പറയുന്നു. ഇവിടുത്തെ കൊടും ചൂടിനെ നേരിടാന്‍ കരടികള്‍ കൂട്ടമായി തടാകത്തിലെത്തും. എന്നാൽ സെൽഫി സ്റ്റിക്കുമായി ഇവിടെയെത്തുന്ന ചില സഞ്ചാരികള്‍ ഇവക്ക് ശല്യമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇവിടെയും സെല്‍ഫി നിരോധിച്ചിരിക്കുകയാണ്.