കാലിഫോർണിയ: കാലിഫോർണിയയെ ഞെടിച്ച 81 പക്ഷി മൃഗാദികളെ കൊലപ്പെടുത്തിയ യുവാവിന്റെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് എ കെ 47 അടക്കമുള്ള തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്ത് 39കാരൻ മൂന്ന് മണിക്കൂറിൽ 81 ജീവനുകലെടുത്തത്. വടക്കൻ കാലിഫോർണിയയിലാണ് അയൽവാസിയുടെ ഫാമിലേക്ക് യുവാവ് അതിക്രമിച്ച് കയറി കുതിരകൾ, ആടുകൾ, കാലികൾ, കോഴികൾ, താറാവുകൾ അടക്കമുള്ളവയെ വെടിവച്ച് കൊന്നത്.
വിൻസെന്റ് ആരോയോ എന്ന 39കാരനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ പ്രൂൺഡേലിലായിരുന്നു ഇയാളുടെ അതിക്രമം. സമീപ വാസികളുടെ അടക്കം വളർത്തുമൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഫാമാണ് അക്രമണത്തിന് ഇരയായത്.
14 ആടുകൾ, 9 കോഴികൾ, 7 താറാവുകൾ, 5 മുയലുകൾ, ഗിനി പന്നികൾ, 33 പക്ഷികൾ, മൂന്ന് പശുക്കൾ അടക്കമുള്ളവയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. എന്നാൽ ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.