തിരുവനന്തപുരം: മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ വക ചീഫ് എഞ്ചിനീയര്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സെക്രട്ടേറിയേറ്റിലെ ഓഫിസിലെത്തിയ ആലപ്പുഴയിലെ ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ ശ്യാംഗോപാലിനാണ് മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ മര്‍ദ്ദനമേറ്റത്.
ഉന്തിനും തള്ളിനുമിടെ ചീഫ് എഞ്ചിനീയറുടെ വലതു കൈയ്ക്കു പരുക്കേറ്റു. പിന്നാലെ സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജിക്കെതിരെയാണ് കയ്യേറ്റം ചെയ്തതായാണ് പരാതി നല്‍കിയിട്ടുള്ളത്.
ഓഫിസിലെത്തിയപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറി ബി.ഗോപകുമാരന്‍ നായരും അവിടെയുണ്ടായിരുന്നില്ല. മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പി.സി.ജയിംസ് കാബിനിലേക്ക് ക്ഷണിച്ചപ്പോള്‍ അകത്തുണ്ടായിരുന്ന അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, ‘മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ’ എന്നു പറഞ്ഞ് ആക്രോശിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ശ്യാംഗോപാല്‍ പറയുന്നത്.
നിങ്ങളാരാണതു പറയാനെന്നു ചോദിച്ചപ്പോള്‍ ഉന്തും തള്ളും ഉണ്ടായയെന്നും സംഭവത്തില്‍ മന്ത്രിക്കും ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം.