
ബെംഗളുരു: കർണാടക ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാക്കളും. കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുളളത്. ബെംഗളൂരുവിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ബെംഗളുരു റൂറലിൽ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസ്സിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണ്.
അതേസമയം, പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്.