കെഎസ്ഇബി ചെയർമാന്റെ കടുംപിടിത്തം തള്ളി മന്ത്രി, ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാൻ നിർദേശം നൽകി

കോഴിക്കോട്: തിരുവമ്പാടിയിൽ കെ എസ് ഇ ബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കണമെങ്കിൽ നഷ്ടപരിഹാര തുക അടയ്ക്കണമെന്ന ചെയർമാന്റെ കടുംപിടിത്തം തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓഫീസ് ആക്രമണത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാൻ മന്ത്രി നിർദേശം നൽകി. ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കുമാണ് മന്ത്രി നിർദ്ദേശം നൽകിയത്. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് കിട്ടണമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും മന്ത്രി വിവരിച്ചു.

ഓഫിസിൽ നടത്തിയ ആക്രമണത്തിൽ നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലം വൈദ്യതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കെഎസ്ഇബി. വീട്ടുകാർ കോടതിയെ സമീപിച്ചാലും നിയമപരമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു. ആക്രമണത്തില്‍ 3 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. ഇതിൽ പരാതി ഉണ്ടെങ്കിൽ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാലും മതിയെന്നും കെഎസ്ഇബി മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മന്ത്രി ഈ നിലപാട് തള്ളിക്കൊണ്ടാണ് രംഗത്തെത്തിയത്. നഷ്ടപരിഹാരം അടച്ചില്ലെങ്കിലും ആക്രമിക്കില്ലെങ്കിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാമെന്നാണ് മന്ത്രി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide