വ്യാജപ്രചരണങ്ങള്‍ നടന്നു; ശബരിമലയില്‍ പോകാതെ മാലയൂരിയവര്‍ കപടഭക്തരെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ആന്ധ്രയില്‍ നടന്ന അക്രമം ശബരിമലയില്‍ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബര്‍ പൊലീസ് നടപടി കടുപ്പിച്ചപ്പോള്‍ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയില്‍ ശബരിമല വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയില്‍ കയറാനാകാതെ അയ്യപ്പഭക്തന്മാര്‍ക്ക് പന്തളം ക്ഷേത്രത്തില്‍ മാല ഊരേണ്ടിവന്നുവെന്ന് എം വിന്‍സന്റ് സഭയില്‍ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഭക്തന്മാര്‍ മാല ഊരി പോയിട്ടില്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. കപടഭക്തന്മാരാണ് അത് ചെയ്തത്. സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങിയ രണ്ടുമൂന്ന് പേരെ എടുത്താണ് ഇത് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വരവ് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30കോടി രൂപയാണ് ഈ വര്‍ഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റ് വകുപ്പുകളും തുക പ്രത്യേകം ചെലവഴിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും കെ രാധാകൃഷ്ണന്‍ സഭയില്‍ വിശദീകരിച്ചു.

More Stories from this section

family-dental
witywide