തിരുവനന്തപുരം: കോട്ടയത്തെ ആകാശപാത പൂർത്തീകരിക്കുന്നത് അസാധ്യമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വാഭാവികമായും അതുവഴി പോകുന്നവര്‍ ഇത് എന്താണെന്ന് ആലോചിക്കാറുണ്ട്. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന കലാകാരന്‍ എം.എല്‍.എയോടുള്ള ബന്ധത്തിനുപുറത്ത് നിര്‍മിച്ച ശില്‍പമാണെന്നാണ് വിചാരിച്ചതെന്നും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തീകരിക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിയായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഇതൊരു സ്കൈവാക്ക് ആണെന്ന് മനസ്സിലായത്. പദ്ധതിക്ക് സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് അന്നത്തെ കളക്ടർ റിപ്പോർട്ട് നൽകിയത്. സൗജന്യമായി ഭൂമി വിട്ടുനൽകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. കോര്‍പ്പറേഷന്റെ സ്ഥലം മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ വരും. പള്ളിയും കേന്ദ്രസര്‍ക്കാരിന്റെ തപാല്‍ വകുപ്പിനും സ്ഥലമുണ്ട്. പണം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റിക്ക് അധികാരമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ 2015ൽ, കോട്ടയം നഗരത്തില്‍ ശീമാട്ടി ജംഗ്ഷനിലെ ഗതാഗത തിരക്കില്‍ ബുദ്ധിമുട്ടുന്ന കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരത്തിന് ഒരു സംവിധാനം എന്ന നിലയിലാണ് ആകാശപാത പദ്ധതി കൊണ്ടുവന്നത്. അഞ്ച് റോഡുകള്‍ ഒരുമിക്കുന്ന ജംഗ്ഷനിലെ നാലിടത്ത് നിന്നും കാല്‍നട യാത്രക്കാര്‍ക്ക് ആകാശ പാതയിലൂടെ റോഡ് മുറിച്ചുകടക്കാം. 3 എസ്‌കലേറ്ററുകള്‍, മുകളില്‍ ഭക്ഷണശാല, സെമിനാര്‍ ഹാള്‍, വിശ്രമകേന്ദ്രം, അക്വേറിയം വരെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. അഞ്ചേകാല്‍ കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച് നിര്‍മ്മാണനവും തുടങ്ങി. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. കിറ്റ്‌കോയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല.