തൃശൂര്‍: ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. എഡിജിപി എം.ആർ. അജിത് കുമാർ ആര്‍എസ്എസ് നേതാവിനെ കണ്ടതിനെ ന്യായീകരിക്കവെയായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാൽ ആര്‍എസ്എസിനെ നിരോധിച്ച കാലം ഓര്‍മപ്പെടുത്തിയാണ് മന്ത്രി എം.ബി. രാജേഷിൻ്റെ മറുപടി. തൃശൂർ ജില്ലയിലെ തദ്ദേശ അദാലത്തിൻ്റെ സമാപനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ആർ.എസ്.എസിനെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ നിരോധിച്ച സംഘടനയാണത്’ – മന്ത്രി പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കാമോ എന്ന ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളിയായിരുന്നു മറുപടി. ‘അദാലത്തിന് വന്നാല്‍ അദാലത്തിന്റെ കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്ന് പറയില്ല’ എന്നായിരുന്നു മറുപടി. ‘ചോദിച്ചോളൂ, മറുപടി പറയണോ എന്ന് ഞാന്‍ തീരുമാനിക്കും’ എന്നായിരുന്നു എംബി രാജേഷ് പറഞ്ഞത്.
അതേസമയം, ഷംസീറിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
‘ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍എസ്എസ് നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ ഗൗരവമായി കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനകളിലെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടു. അതില്‍ വലിയ അപാകത ഉള്ളതായി എനിക്ക് തോന്നുന്നില്ല,’ എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.