കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തില്‍ പ്രതികരിച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പ്രതികരിച്ചു.
‘എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്. മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്കിയവര് ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും? ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും’ മന്ത്രി പറഞ്ഞു. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടതെന്നിരിക്കെ മന്ത്രി റിയാസ് മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് അഭിവാദ്യം സ്വീകരിച്ചതെന്ന വിവരമാണ് വിവാദമായത്.
വിപിന്‍ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത്. അതേസമയം പൊലീസ് വാഹനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. കളക്ടറുടെ അനുമതിയോടെയാണ് വാഹനം വാടകക്ക് എടുത്തതെന്നും പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.