
കൊച്ചി: അമിതജോലി ഭാരത്താല്‍ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്. ‘ലാഭംകൊയ്യുന്ന ഡ്രാക്കുള കമ്പനികളുടെ സംരക്ഷക’ എന്നാണ് വിശേഷിപ്പിച്ചാണ് മന്ത്രി റിയാസ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ രംഗത്തെത്തിയത്. ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇ.വൈ) പോലുള്ള ഐ.ടി കമ്പനികള്‍ മാറിയെന്നും. നിര്‍മല സീതാരാമന്റെ പ്രസ്താവന ഈ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം എത്തിയത്.
അതേസമയം കേന്ദ്രമന്ത്രിയുടെ പ്രസ്താവന മരിച്ച യുവതിയുടെ കുടുംബം തള്ളിയിരുന്നു. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകള്‍ പറയുകയാണെന്നും ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും, എന്നാല്‍ മകളെ ചെറുപ്പംമുതല്‍ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളര്‍ത്തിയതെന്നും അന്നയുടെ പിതാവ് പറഞ്ഞു.