മായക്കാഴ്ച അല്ല , പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സുരേഷ് ഗോപി, സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നു വെല്ലുവിളി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കാലിനു സുഖമില്ലാത്തതിനാല്‍ ജനത്തിനിടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതു കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതിനു പിന്നാലെ സുരേഷ്‌ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞിരുന്നത്.

‘ആംബുലന്‍സില്‍ ‘വന്നിറങ്ങി എന്നു പറഞ്ഞതു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മൊഴി പൊലീസ് എടുത്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ആ മൊഴി പ്രകാരം പൊലീസ് കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. ആംബുലന്‍സില്‍ തന്നെയാണ് പൂരനഗരിയില്‍ എത്തിയത്. കാലിനു സുഖമില്ലാത്തതിനാല്‍ ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആംബുലന്‍സില്‍ വന്നിറങ്ങിയത്’ – സുരേഷ്‌ഗോപി പറഞ്ഞു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു.

അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും. തൃശ്ശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്, അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണം- സുരേഷ്‌ഗോപി ആരോപിച്ചു.

രോഗികളുടെ ചികിത്സക്കും ജീവന്‍ രക്ഷയ്ക്കും ആശുപത്രികള്‍ക്കും വേണ്ടി മാത്രം വിനിയോഗിക്കണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ദുരുപയോഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. ‘അദ്ദേഹം നല്ല നടനായിരുന്നു, എന്നാല്‍ എപ്പോഴും നാട്യം. ഡയലോഗ് എന്നിവ മാത്രമായാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ സ്വയം ചോദിക്കും. ഇതാണ് നിലവിലെ അവസ്ഥ’ ബിനോയ് വിശ്വം പരിഹസിച്ചു.

minister Suresh Gopi says he had come to pooram venue in Ambulance

More Stories from this section

family-dental
witywide