‘പത്താം ക്ലാസ് കഴിഞ്ഞവർ‌ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധം’; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ വിദ്യഭ്യാസ നിലവാരത്തെ സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ വിമർശനം വസ്തുത വിരുദ്ധമാണെന്ന് വി ശിവൻകുട്ടി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് വിവാദമുണ്ടാക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നുണ്ട് എന്നത് ശരിയാണ്, എന്നാൽ അതിനായി കൂടുതൽ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് തന്നെ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി വരികയാണ്. അധ്യാപകർക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പത്താം ക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ വിമർശനം. ആലപ്പുഴയിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പത്താം ക്ലാസ് പരീക്ഷയിൽ 210 മാർക്ക് കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും ആരെങ്കിലും പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ പരാജയമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide