പീറ്റർ കുളങ്ങര മാനവികതയുടെ സന്ദേശവാഹകൻ: മന്ത്രി വി.എൻ വാസവൻ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും, മുച്ചക്ര സ്‌കൂട്ടറും, അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും, ബധിരരായ വിദ്യാര്‍ഥികള്‍ക്ക് ശ്രവണ സഹായിയും സൗജന്യമായി നല്‍കി. അമേരിക്കയിലെ പ്രവാസികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിര്‍ധനരായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്.

ഞായറാഴ്ച രാവിലെ 8.45ന് കോട്ടയം ക്‌നാനായ ഇടക്കാട്ടുപള്ളി അങ്കണത്തില്‍ വച്ചാണ് ഉദ്ഘാടനം നടന്നത്. എംപിമാരായ തോമസ് ചാഴികാടന്‍ എംപി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോബ് മൈക്കിൾ, മുന്‍ എംഎല്‍എ സ്റ്റീഫൻ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേരളത്തിന്റെ സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവന്‍, ഉദ്ഘാടനം നിര്‍വഹിച്ചു. പീറ്റർ കുളങ്ങര മാനവികതയുടെ സന്ദേശവാഹകനാണെന്ന് മന്ത്രി പറഞ്ഞു.

“എത്ര നല്ല സത്കർമ്മമാണ് ഇവിടെ നടക്കുന്നത്. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വലിയ വിഭാഗത്തെ ഒപ്പം നിർത്തി അവർക്ക് ഏറ്റവും അത്യാവശ്യമായ സഹായം ചെയ്യുക എന്നത് സത്കർമ്മമാണ്. അത് ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തും. പീറ്റർ കുളങ്ങരയുടെ ബാങ്ക് ബാലൻസ് ഈ നന്മയുള്ള പ്രവർത്തനങ്ങളാണ്,” മന്ത്രി പറഞ്ഞു.

എട്ട് മാസങ്ങൾക്ക് മുൻപ് വീൽ ചെയർ ലഭിച്ച ഫെബിൻ തോമസ് മരണപ്പെട്ടു. ഫെബിന്റെ സഹോദരിക്കായി നേഴ്സിംഗ് സ്കോളർഷിപ്പ് നൽകുവാൻ പീറ്റർ കുളങ്ങര തയാറായതിൽ മന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു .ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാ നന്മനിറഞ്ഞ വ്യക്തികളേയും സംഘടനകളേയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

100 കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇലക്ട്രിക് വീൽചെയർ, നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ തുടങ്ങി വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.