കേരളത്തിൽ മന്ത്രിമാറ്റം ഉടനില്ല, എൻസിപിയോട് കാത്തിരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി; എ കെ ശശീന്ദ്രന് ആശ്വാസം

തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാറ്റം ഉടനുണ്ടാകില്ല. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതടക്കമുള്ള എൻ സി പി നേതൃത്വത്തിന്‍റെ ആവശ്യങ്ങളോട് ഇപ്പോൾ വേണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ അറിയിച്ചിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ.

പക്ഷെ കൂടിക്കാഴ്ച നീളുകയായിരുന്നു. തോമസ് കെ തോമസിനെ കാബിനറ്റിലേക്ക് കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രി അത്ര താല്പര്യം കാട്ടുന്നില്ലായിരുന്നു. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നായിരുന്നു ചാക്കോയുടെ നിലപാട്. എന്നാല്‍, കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയ സ്ഥിതിക്ക് എ കെ ശശീന്ദ്രനെ മാറ്റുമോ എന്ന് അറിയാന്‍ ഇനിയെന്തായാലും കാത്തിരിക്കേണ്ടിവരും.

More Stories from this section

family-dental
witywide