യുഎന്നില്‍ നെതന്യാഹുവിന്റെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ലെബനനില്‍ പുതിയ ആക്രമണം നടത്തി ഇസ്രായേല്‍

ബെയ്‌റൂട്ട്: തീവ്രവാദി ഗ്രൂപ്പിനെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്ത് ഹിസ്ബുള്ളയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണം ജനസാന്ദ്രതയുള്ള മേഖലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുള്ളയുടെ കേന്ദ്ര ആസ്ഥാനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലി പ്രതിനിധികളോടുള്ള തന്റെ പ്രസംഗം നെതന്യാഹു അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. പ്രസംഗത്തില്‍ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും ഹമാസിനെതിരെ ‘വിജയം വരെ’ പോരാടുമെന്നും നെതന്യാഹു പ്രതിജ്ഞയെടുത്തതിനു പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ നടന്നത്.

വ്യോമാക്രമണം ഇന്നും തുടരുകയാണ്‌. ഇന്നലെ തുടങ്ങിയ ആക്രമണങ്ങളില്‍ ഇതുവരെ ആറ് കെട്ടിടങ്ങള്‍ നിലംപതിക്കുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ആറ് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന്, ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് തിരിച്ചടിച്ചു. തെക്കന്‍ ബെയ്റൂട്ടിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഹിസ്ബുള്ളയുടെ ആയുധ ശേഖരം ലക്ഷ്യം വെച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു.