മണാലി: കാണാതായ അമേരിക്കന്‍ പൗരന്റെ മൃതദേഹം ഹിമാചല്‍ പ്രദേശില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളില്‍ കീയ്ക്കും താഷിഗാങ്ങിനും ഇടയിലുള്ള മലയിടുക്കില്‍ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ട്രെവര്‍ ബോക്സ്റ്റാഹ്ലറിനെ (31) കാണാതായി മൂന്നു ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
വ്യാഴാഴ്ച സ്പിതി താഴ്വര സന്ദര്‍ശിക്കുന്നതിനിടെയാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പല ഇടങ്ങളിലും തിരച്ചില്‍ നടത്തുന്നതിനിടെ താഷിഗാംഗിന് സമീപമുള്ള വിജനമായ പ്രദേശത്തിനടുത്ത് യുവാവ് വാടകയ്ക്ക് എടുത്ത മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് കീയ്ക്കും താഷിഗാങ്ങിനുമിടയിലുള്ള ആഴത്തിലുള്ള മലയിടുക്കില്‍ കുടുങ്ങിയ ഒരു പാരച്യൂട്ട് ഡ്രോണ്‍ വഴി കണ്ടെത്തി. ബേസ് ജമ്പര്‍ ആയിരുന്ന ട്രെവറിന്റെതാണ് പാരച്യൂട്ട് എന്ന് സംശയിച്ച പൊലീസ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്) ടീമുകളെ വിന്യസിക്കുകയും ട്രെവറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
അതേസമയം, ട്രെവറിന്റെ മരണ വിവരങ്ങള്‍ അമേരിക്കന്‍ എംബസിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കൈമാറുമെന്നും എസ്പി പറഞ്ഞു.