കഴിഞ്ഞ മാസം ലോസാഞ്ചൽസിൽ നിന്ന് കാണാതായതിനെ തുടർന്ന് തിരഞ്ഞുകൊണ്ടിരുന്ന ഹവായി വനിത ഹന്ന കൊബയാഷി സുരക്ഷിതയാണെന്ന് അവരുടെ കുടുംബം പ്രസ്താവനയിൽ അറിയിച്ചു. ഹന്നയെ തിരയാൻ എത്തിയ അവരുടെ പിതാവിനെ ലോസാഞ്ചലസിലെ ഒരു പാർക്കിങ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അത് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഹന്നയുടെ തിരോധാനംനിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കാരണമായിരുന്നു.
ഹന്ന സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടതാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ഹന്ന യുഎസ് അതിർത്തി കടന്ന് മെക്സിക്കോയിൽ എത്തിയതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇവർ എവിടെയുണ്ട് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല.
“ഹന്നയെ സുരക്ഷിതയായി കണ്ടെത്തിയതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം ആശ്വാസവും നന്ദിയും ഉണ്ട്, ഈ കഴിഞ്ഞ മാസം ഞങ്ങളുടെ കുടുംബത്തിന് സങ്കൽപ്പിക്കാനാവാത്ത ഒരു പരീക്ഷണകാലമായിരുന്നു. ഞങ്ങൾ അനുഭവിച്ചതെല്ലാം മറക്കാനും സുഖപ്പെടാനും സമയമെടുക്കുന്നതിനാൽ ഞങ്ങൾ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെടുന്നു.” കുടുംബം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നവംബർ 8ന് ഹവായിൽ നിന്ന് ന്യൂയോർക്കിലുള്ള ബന്ധുവിനെ കാണാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഹന്ന. എന്നാൽ ലോസാഞ്ചലസ് വിമാനത്താവളത്തിൽ നിന്ന് പിന്നീട് അവർ ന്യൂയോർക്കിലേക്കുള്ള ഫ്ലൈറ്റിൽ കയറിയില്ല. അവർ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിപോകുന്നതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യാഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് അജ്ഞാതനായ ഒരു ചെറുപ്പക്കാരനോടൊപ്പം ഹന്ന ലോസാഞ്ചൽസിനു ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ പോകുന്ന ദൃശ്യങ്ങളും പൊലീസ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഈ യുവാവിനെ പിന്നീട് ചോദ്യം ചെയ്തിരുന്നു,
അന്വേഷണങ്ങൾക്കു ശേഷം ഹന്ന സ്വമേധയാ കാണാതായതാണ് എന്ന് പൊലീസ് അറിയിച്ചു. അവൾ സ്വതന്ത്രയായി അതിർത്തി കടന്ന് മെക്‌സിക്കോയിലേക്ക് കടന്നതായി നിരീക്ഷണ കാമറ ദൃശ്യങ്ങൾ കാണിക്കുന്നതായും അവർ അവൾക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ലോസാഞ്ചൽസിലെ യൂണിയൻ സ്റ്റേഷനിൽ നിന്ന് ബസ് ടിക്കറ്റ് വാങ്ങാൻ കോബയാഷി പണവും പാസ്‌പോർട്ടും ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയുടെ തെക്കൻ അതിർത്തിയിലെത്തി മെക്സിക്കോയിലെ ടിജുവാനയിലേക്ക് കാൽനടയായി കടന്നിട്ടുണ്ട്.
അവൾ ലോസാഞ്ചൽസിൽ നിന്ന് അവളെ കാണാതായതായ ശേഷം കുടുംബത്തിനും സുഹൃത്തുക്കൾക്കും അവളുടെ ഫോണിഷ നിന്ന് ലഭിച്ച സന്ദേശങ്ങളാണ് ബന്ധുക്കളെ അലട്ടിയത്. ഹന്ന ഏതെങ്കിലും മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യിൽ അകപ്പെട്ടോ എന്ന് വീട്ടുകാർ ഭയന്നിരുന്നു. എന്നാൽ അത്തരത്തിലൊന്നുമില്ല എന്ന് പൊലീസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.