ഡീപ്ഫേക്ക് വിഡിയോ തലവേദനയാകുന്നു; ഭേദഗതി ചെയ്ത ഐടി നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: അടുത്ത ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ഭേദഗതി വരുത്തിയ ഐടി നിയമങ്ങൾ സർക്കാർ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡീപ്‌ഫേക്കുകളിൽ നൽകിയ ഉപദേശത്തിന് അനുസൃതമായി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമ്മിശ്ര പ്രതികരണം സർക്കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

“അടുത്ത ഏഴോ എട്ടോ ദിവസത്തിനുള്ളിൽ ഞങ്ങൾ പുതിയ ഭേദഗതി ചെയ്ത ഐടി നിയമങ്ങൾ പുറപ്പെടുവിക്കും,” ഐടി ആൻഡ് ഇലക്ട്രോണിക്‌സ് സഹമന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം, സർക്കാർ എല്ലാ പ്ലാറ്റ്‌ഫോമുകളോടും ഐടി നിയമങ്ങൾ പാലിക്കണമെന്നും നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

രശ്മിക മന്ദാന ഉൾപ്പെടെയുള്ള മുൻനിര അഭിനേതാക്കളെ ലക്ഷ്യം വച്ചുള്ള നിരവധി ‘ഡീപ്ഫേക്ക്’ വീഡിയോകൾ പൊതുജന രോഷത്തിന് ഇടയാക്കിയതിനെ തുടർന്ന് സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കർശനമായി നേരിടുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.