കൊച്ചി: നൃത്തപരിപാടി കാണാനെത്തി കലൂര്‍ സ്റ്റേഡിയത്തില്‍വെച്ച് വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി മന്ത്രി പി രാജീവും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചു. വിദഗ്ധ ചികിത്സയാണ് നല്‍കുന്നതെന്നും ശുഭകരമായ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തു എന്ന് പറയാനായിട്ടില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഉമയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.
അതേസമയം, ദാരുണമായ അപകടത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു.