‘ബാർ കോഴയിൽ എംബി രാജേഷിന് മാത്രമല്ല റിയാസിനും പങ്കുണ്ട്, രാജിവക്കണം’; ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുഡിഎഫ്

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എംബി രാജേഷ് മാത്രമല്ല, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കോഴ ഇടപാടിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡ്രൈ ഡേയിൽ ഇളവു നൽകാനായി സ്വാധീനം ചെലുത്തിയത് ടൂറിസം മന്ത്രിയാണ്. മദ്യ നയത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ടൂറിസം മന്ത്രി ആവശ്യപ്പെട്ടത് വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടല്ല. പകരം കോഴയിൽ കണ്ണുവെച്ചാണ്. മുഖ്യമന്ത്രി അറിയാതെ ഈ ഇടപാടുകളൊന്നും നടക്കില്ല. ഈ രണ്ടുമന്ത്രിമാരെയും മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ല. ബാറുടമകളുടെ സംഘടനയിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇപ്പോൾ കോഴ നൽകിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അല്ലെങ്കിൽ ഇക്കാര്യം ചർച്ച പോലും ആകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ​ഗൗരവമില്ലാത്ത കാര്യമെന്ന് പറഞ്ഞ് തടിയൂരാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ശ്രമിക്കുന്നത്. ​ഗൗരവമില്ലെങ്കിൽ പിന്നെ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് ഹസൻ ചോദിച്ചു. ശബ്ദസന്ദേശത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി തന്നെ ഡിജിപിക്ക് കത്ത് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിക്കെതിരെ അന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകൾ ഇപ്പോൾ റിവൈൻഡ് ചെയ്ത് കേൾക്കുമ്പോൾ പിണറായിയോട് കാലം വന്നു കണക്കു ചോദിക്കുന്നത് പോലെയുണ്ട്. ഒരു കോടി രൂപ കെഎം മാണി വാങ്ങിയെന്ന് ആരോപിച്ചായിരുന്നു അന്നത്തെ പ്രതിപക്ഷ പ്രക്ഷോഭം. മാണിയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ അന്ന് നിയമസഭയിൽ നടത്തിയ അക്രമങ്ങൾ. ഇപ്പോൾ 25 കോടിയുടെ ആരോപണമാണ് പിണറായി സർക്കാരിനെതിരെ ഉയർന്നിരിക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി. ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയെന്നതായിരുന്നു കെഎം മാണിക്കെതിരെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചത്. അധികാരത്തിലെത്തിയ ശേഷം 130 ബാറുകൾക്ക് ലൈസൻസ് നൽകിയ പിണറായി വിജയന്റെ സർക്കാർ മദ്യനയത്തിൽ ഇളവു വരുത്താനാണ് കോടികൾ വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide