ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം, യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന് ഇമ്മാനുവൽ മക്രോൺ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭ(യുഎൻ)യുടെ സുരക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കും വിധം രക്ഷാ സമിതിയിൽ മാറ്റം വരണമെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ മാത്രമല്ല, ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വം നേടാൻ അർഹതയുള്ള രാജ്യങ്ങളാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. ഇതു കൂടാതെ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിന്‍റെ പ്രതിനിധികളായി രണ്ടു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

എന്നാൽ, ഈ പരിഷ്കാരം കൊണ്ടു മാത്രം രക്ഷാസമിതിയുടെ കാര്യക്ഷമത പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും മാക്രോൺ പറഞ്ഞു. സംഘടന പ്രവർത്തിക്കുന്ന രീതികളിൽ തന്നെ മാറ്റം വരണം. വീറ്റോ അധികാരം പ്രയോഗിക്കുന്നതിനു നിയന്ത്രണം വേണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വീറ്റോ തടസമാകരുതെന്നും മാക്രോൺ നിർദേശിച്ചു. വലിയ കുറ്റകൃത്യങ്ങളിൽ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അടിത്തട്ടിൽ ശക്തമായി പ്രവർത്തിക്കേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്.

മാക്രോണിന്റെ പ്രസംഗത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ സ്വാഗതം ചെയ്തു. വലിയ ആ​ഗോള പ്രശ്നങ്ങളിൽ ഇടപെടുന്നതിലെ ഐക്യരാഷ്ട്രസഭയുടെ പരിമിതിയിൽ നിന്നുകൊണ്ടാണ് മാക്രോണിന്റെ വാക്കുകൾ പ്രസക്തമാകുന്നത്. റഷ്യ-യുക്രൈൻ യുദ്ധം, ​ഇസ്രയേലിന്റെ ​ഗാസ ആക്രമണം എന്നിവയടക്കമുള്ള പ്രതിസന്ധികൾ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിലുണ്ട്. ഈ പ്രശ്നങ്ങൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നവീകരിക്കേണ്ടതിന്റെ ആവശ്യം ഉയർത്താൻ കാരണമായിരിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് ആ​ഗോള പ്രതിസന്ധികളിലിടപെടാനുള്ള സാധ്യതകൾ ദുർബലപ്പെടുന്നതിനോളം ഇന്ത്യയുടെ സ്ഥിരാം​ഗത്വ സാധ്യത വർദ്ധിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ പ്രതികരണം.

More Stories from this section

family-dental
witywide