റിപ്പോര്‍ട്ട്: അബ്ദുല്‍ അസീസ്
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 700 ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇഷാ സാജിദിൻ്റെ ഖുർആൻ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയർമാനും എംഎംഎൻജെ സഹസ്ഥാപകനുമായ അബ്ദുസ്സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെക്കുറിച്ച് ഓർമിപ്പിച്ച് അത് ഉയർത്തിപ്പിടിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂജേഴ്സി വുഡ്ബ്രിഡ്ജ് മേയർ ജോൺ ഇ. മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സേവന സന്നദ്ധത വൂഡ്ബ്രിഡ്ജ് കമ്മ്യൂണിറ്റിയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. എംഎംഎൻജെ പ്രസിഡന്റ് ഫിറോസ് കോട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്റർഫെയ്‌ത് ഇഫ്താറിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ, മുഖ്യ രക്ഷാധികാരിയും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ എരഞ്ഞിക്കൽ ഹനീഫ പ്രകാശനം ചെയ്തു. അബ്ദുസമദ് പോന്നേരി, ഫിറോസ് കോട്ടപ്പറമ്പിൽ, സാജിദ് കരീം, അസ്‌ലം ഹമീദ്, ഹാഫിറ ഇർഷാദ് എന്നിവർ ചേർന്ന് സുവനീർ പതിപ്പ് കൈമാറി.
വ്യത്യസ്ത വിഷയങ്ങളിലായി അഹമ്മദ് റിസ്‌വാൻ (പ്രസിഡന്റ്, നന്മ), മുഹമ്മദലി ചൗധരി (മുൻ മേയർ, ബെർനാഡ്സ്), അസ്‌ലം ഹമീദ് (സെക്രട്ടറി, എംഎംഎൻജെ), അലീന ഹാരിസ് (യൂത്ത് ഡയറക്ടർ, നന്മ), സ്വപ്ന രാജേഷ്, അർജുൻ കൃഷ്ണകുമാർ, ആഷിയാന അഹമ്മദ്, മസൂദ് അൽ അൻസാർ, ഡോ. ലത നായർ, ബൈജു വർഗീസ്, സുനിൽ ട്രൈസ്റ്റാർ (പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക) , ഡോ. ജേക്കബ് മാത്യു, ബോബി ബാൽ, നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ഇംതിയാസ് അലി എന്നിവർ സംസാരിച്ചു. തുടർന്ന് അതിഥികൾക്കായുള്ള എംഎംഎൻജെയുടെ ഉപഹാരങ്ങൾ സമർപ്പിച്ചു.
അലീന ഹാരിസ്, മസൂദ് അൽ അൻസാർ എന്നിവരുടെ നേതൃത്വത്തിൽ, വിവിധ മത ഗ്രന്ഥങ്ങളിലെ സാമ്യതകൾ ആസ്പദമാക്കി ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. യുവാക്കൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലെ വിജയികളായ ഇഷ സാജിദ്, സയാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മഗ്‌രിബ് പ്രാർത്ഥനക്ക് ഹാഫിള് ജാബിർ നേതൃത്വം നൽകി. മലബാർ വിഭവങ്ങൾ അടങ്ങിയ നോമ്പ് തുറ അതിഥികൾക്ക് വ്യത്യസ്ത അനുഭവമായി. എംഎംഎൻജെ സഹോദരിമാർ തയ്യാറാക്കിയ വിവിധ ഇഫ്താർ വിഭവങ്ങൾ അടങ്ങിയ ഇഫ്‍താർ ബൈറ്റ് സ്റ്റാൾ പ്രത്യേകം ശ്രദ്ധേയമായി.
ഡോ. അൻസാർ കാസിം സ്റ്റേജ് പരിപാടികൾ കോഓർഡിനേറ്റ് ചെയ്തു. സിനാഷ് ഷാജഹാൻ, അജാസ് നെടുവഞ്ചേരി, ബാജൽ മൊഹ്‌യുദ്ധീൻ, അഷ്‌റഫ് ഉപ്പി, ഡോ. മുനീർ, അഹമ്മദ് കബീർ, മുനീർ കീഴണ്ണ, നാജിയ അസീസ്, അലീന സിനാഷ്, നബീല അബ്ദുൽ അസീസ്, ബബ്ളി റഷീദ്, അഷ്നി സുധിൻ, റിഷാന അസ്ലം, നിഷാന ഷബീർ, മുഹമ്മദ് സലീം, അബ്ദുൽ അസീസ്, അമീൻ പുളിക്കലകത്ത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഷമി അന്ത്രു നന്ദി പറഞ്ഞു.